ചാലക്കുടി: ഓണ്‍ലൈൻ ടാക്സിയുടെ മറവിൽ കേരളത്തിലേക്കു രാസലഹരി കടത്തുന്ന മൊത്തവിതരണക്കാരനെ ബംഗളൂരുവിൽനിന്നു പോലീസ് പിടികൂടി.
നവംബർ 14നു ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് 56.120 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പിടിയിലായ അഞ്ചു പ്രതികൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയ നേവി അതുൽ എന്ന കോഴിക്കോട് രാമനാട്ടുകര കായിക്കോട്ട് വീട്ടിൽ അതുലി(27)നെയാണ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈൻ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന അതുൽ ജോലിയുടെ മറവിലാണ് കേരളത്തിലെ ലഹരിവിതരണക്കാർക്കു മയക്കുമരുന്ന് കൈമാറിയിരുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിൽ തന്പടിച്ചാണ് പ്രതിയെ പിടികൂടിയത്. ചാലക്കുടി എസ്ഐ ലാലു, എഎസ്ഐ ജിബി ബാലൻ, എസ്സിപിഒ ആൻസണ്‍, സിപിഒമാരായ സജീവ്, നിത്യ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.